അഫ്ഗാനെ എട്ട് റണ്‍സിന് വീഴ്ത്തി, സൂപ്പര്‍ ഫോറില്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്

Sep 17, 2025

അബുദാബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ട് റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്തു. അസ്മത്തുല്ല ഒമര്‍സായി (16 പന്തില്‍ 30), റാഷിദ് ഖാന്‍ (11 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നസും അഹ്മദ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 31 പന്തില്‍ 52 റണ്‍സടിച്ച ഓപണര്‍ തന്‍സിദ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സും നാല് ഫോറമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സയിഫ് ഹസന്‍ 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം ഓവറിലാണ് ഈ സഖ്യം തകര്‍ന്നത്. 28 പന്തില്‍ 30 റണ്‍സ് നേടിയ സൈഫിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 63. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ (9) നൂര്‍ അഹ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തന്‍സിദും തൗഹീദ് ഹൃദോയിയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. പിന്നാലെ തന്‍സിദിനെ ഇബ്രാഹിം സദ്‌റാന്റെ കൈകളിലെത്തിച്ചു നൂര്‍. ഷമീം ഹുസൈനെ (11) അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ 16ാം എല്‍.ബി.ഡബ്ല്യൂവില്‍ മടക്കിയപ്പോള്‍ നാലിന് 121. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഹൃദോയിയെ അസ്മത്തുല്ല ഉമര്‍സായി മടക്കി. തൗഹിദ് ഹൃദോയ് 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ജാകര്‍ അലിയും 13 പന്തില്‍ 12, നൂറുല്‍ ഹസനും (ആറ് പന്തില്‍ 12, എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി. ലങ്കയ്ക്കെതിരേ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാം. തോറ്റാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തും.

LATEST NEWS