ദുബൈ: ഏഷ്യ കപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഏഷ്യാ കപ്പില്‍ ബഹിഷ്‌കരണ ഭീഷണി പിന്‍വലിച്ച് യുഎഇക്കെതിരെ കളിക്കാന്‍ തയാറയതിന് പിന്നാലെയാണ് മാച്ച് റഫറി മാപ്പ് പറഞ്ഞതായുള്ള പിസിബിയുടെ അവകാശ വാദം.
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ 7:30 ന് നടക്കേണ്ടിയിരുന്ന പാക് – യുഎഇ മത്സരം ഒമ്പത് മണിയോടെ ആരംഭിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോടും പാക് ടീം മാനേജരോടും മാപ്പു പറഞ്ഞുവെന്നാണ് പിസിബിയുടെ പ്രസ്താവന.
ഹസ്തദാന വിവാദം അന്വേഷിക്കുമെന്ന് ഐസിസി ഉറപ്പു നല്‍കിയതായും പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഇന്ത്യക്കെതിരായ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്ന സംഭവം ആശയവിനിയമത്തിലെ പിഴവുമൂലം സംഭവിച്ചതാണെന്നും പൈക്രോഫ്റ്റ് വിശദീകരിച്ചതായി പാക് ടിവി ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് പെയ്തു.
എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം തള്ളി ഐസിസി വൃത്തങ്ങള്‍ രംഗത്തെത്തി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു.