ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പോരാട്ടത്തിലും പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും അതിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനും കളിയിലൂടെ മറുപടി നല്‍കാമെന്ന പാക് മോഹം ഫലിച്ചില്ല. ഇന്ത്യ ആറ് വിക്കറ്റ് വിജയമാണ് പിടിച്ചെടുത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തി 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ച് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്.
ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് സഖ്യം പാകിസ്ഥാന്റെ എല്ലാ മോഹങ്ങളും തകര്‍ത്തെറിയുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍. ഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അഭിഷേക് തന്റെ മിന്നലടികളുമായി ഒരിക്കല്‍ കൂടി കളം വാണു. ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.
39 പന്തുകള്‍ നേരിട്ട് അഭിഷേക് ശര്‍മ 5 സിക്‌സും 6 ഫോറും സഹിതം 74 റണ്‍സ് വാരി. ഗില്‍ 28 പന്തില്‍ 8 ഫോറുകള്‍ സഹിതം 47 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് കണ്ടെത്തി. ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോറായും ഇതു മാറി.
4.4 ഓവറില്‍ ഇന്ത്യ 50 റണ്‍സിലെത്തി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത് 69 റണ്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരില്‍ ഷഹീന്‍ അഫ്രീദിയെ ഫോറടിച്ച് സ്വീകരിച്ച അഭിഷേക് ഇത്തവണ ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കിയാണ് സ്വാഗതം ചെയ്തത്. 24 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തി. പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയായും താരത്തിന്റെ പ്രകടനം മാറി. 2012ല്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യുവരാജ് സിങിന്റെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്.
സ്‌കോര്‍ 105ല്‍ എത്തിയപ്പോഴാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ ലഭിക്കുന്നത്. പത്താം ഓവറിന്റെ അഞ്ചാം പന്തില്‍ ഗില്ലിനെ ഫഹീം അഷ്‌റഫ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടു പിന്നാലെ സ്‌കോര്‍ 106ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും പാകിസ്ഥാന്‍ പുറത്താക്കി. ഹാരിസ് റൗഫാണ് ഇന്ത്യന്‍ നായകനെ മടക്കിയത്. 3 പന്തുകള്‍ നേരിട്ട് സൂര്യ പൂജ്യത്തില്‍ പുറത്തായി. വമ്പനടിക്കു ശ്രമിച്ച ക്യാപ്റ്റനെ അബ്രാര്‍ അഹമദ് ക്യാച്ചെടുത്തു മടക്കുകയായിരുന്നു.
123ല്‍ എത്തിയപ്പോള്‍ അഭിഷേകിനേയും പാകിസ്ഥാന്‍ പുറത്താക്കി. അബ്രാര്‍ അഹമദിനെ സിക്‌സര്‍ തൂക്കി നിന്ന അഭിഷേക് അടുത്ത പന്തും സിക്‌സടിക്കാന്‍ ശ്രമിച്ചു. അബ്രാര്‍ എറിഞ്ഞ ഗൂഗ്ലി പക്ഷേ അഭിഷേകിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ലോങ് ഓണില്‍ ഹാരിസ് റൗഫ് ക്യാച്ചെടുത്താണ് താരം മടങ്ങിയത്.
മലയാളി താരം സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും തിളങ്ങാനായില്ല. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു നയിക്കാനുള്ള ശ്രമത്തിലായിരുന്നു സഞ്ജു. ഒരു ഫോറടിച്ച് ടോപ് ഗിയറിലേക്ക് മാറാന്‍ ശ്രമിച്ച സഞ്ജുവിന് പക്ഷേ മികവിലേക്കുയരാന്‍ സാധിച്ചില്ല. സ്‌കോര്‍ 148ല്‍ നില്‍ക്കെ സഞ്ജുവിനെ ഹാരിസ് റൗഫ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 17 പന്തില്‍ 13 റണ്‍സാണ് അടിച്ചത്.
ഇന്ത്യ ചെറിയ തോതില്‍ പതറിയെങ്കിലും പിന്നീട് തിലക് വര്‍മ- ഹര്‍ദ്ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. തിലക് 19 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍ദ്ദിക് 7 പന്തില്‍ 7 റണ്‍സെടുത്തു ക്രീസില്‍ തുടര്‍ന്നു. ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിലെ നാലാം പന്തില്‍ സിക്‌സും അഞ്ചാം പന്തില്‍ ഫോറും തൂക്കി തിലക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. ജയത്തിനു പിന്നാലെ ഇത്തവണയും ഹസ്തദാനമൊന്നുമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങുകയും ചെയ്തു.
നേരത്തെ ടോസ് നേടി ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിനു അയയ്ക്കുകയായിരുന്നു. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരത്തിന്റെ വമ്പനടികളാണ് പാകിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഫര്‍ഹാന്‍ 3 സിക്‌സും 5 ഫോറും പറത്തി. അവസാന ഓവറുകളില്‍ 8 പന്തില്‍ 20 റണ്‍സടിച്ച ഫഹീം അഷറഫിന്റെ കാമിയോ ഇന്നിങ്‌സും അവര്‍ക്ക് നിര്‍ണായകമായി. താരം 2 സിക്‌സും ഒരു ഫോറും പറത്തി. മുഹമ്മദ് നവാസ് (19 പന്തില്‍ 21), സയം അയൂബ് (17 പന്തില്‍ 21), ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ (13 പന്തില്‍ 17 റണ്‍സ്) എന്നിവരും പാക് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങില്‍ തുടരെ പരാജയപ്പെട്ട സയം അയൂബിനെ മാറ്റി ഫഖര്‍ സമാനു പ്രമോഷന്‍ നല്‍കി ഓപ്പണറാക്കി ഇറക്കി പാകിസ്ഥാന്‍ പരീക്ഷണത്തിനു മുതിര്‍ന്നു. തുടക്കത്തില്‍ നാടകീയമായിരുന്നു കാര്യങ്ങള്‍. ഹര്‍ദ്ദിക് പാണ്ഡ്യഎറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഏറ് കൊണ്ടു ഫര്‍ഹാനു കൈക്കു പരിക്കേറ്റതിനെ തുടര്‍ന്നു മത്സരം അല്‍പ്പ സമയം നിര്‍ത്തി വച്ചു. മത്സരം വീണ്ടും തുടങ്ങി മൂന്നാം പന്തില്‍ ഫര്‍ഹാനെ മടക്കാനുള്ള അവസരവും ഇന്ത്യക്കു കിട്ടി. എന്നാല്‍ താരം നല്‍കിയ ക്യാച്ച് അഭിഷേക് ശര്‍മ കൈവിട്ടു.
എന്നാല്‍ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. ഹര്‍ദ്ദിക് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഫഖര്‍ സമാന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കൈപ്പിടിയിലൊതുക്കി. ഈ ക്യാച്ച് അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും തേഡ് അംപയര്‍ ഔട്ട് വിളിച്ചു. ഗ്രൗണ്ടിനോടു ഗ്ലൗ ചേര്‍ത്തു വച്ചാണ് സഞ്ജു ക്യാച്ചെടുത്തത്. ഫഖര്‍ സമാന് വിശ്വസിക്കാനായില്ല. താരം പിന്നീട് പരിശീലകന്‍ മൈക്ക് ഹെസനോടു പരാതിയും പറയുന്നുണ്ടായിരുന്നു. ഫഖര്‍ 3 ഫോറുകള്‍ സഹിതം 15 റണ്‍സുമായി പുറത്തായി.
വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സയം അയൂബിനെ പുറത്താക്കാനുള്ള സുവര്‍ണാവസരവും ഇന്ത്യ കളഞ്ഞു. ഇത്തവണ ഈസി ക്യാച്ചായിരുന്നെങ്കിലും കുല്‍ദീപ് യാദവിന്റെ കൈകളും ചോര്‍ന്നു. അഭിഷേക് ആദ്യ കൈവിട്ടത് എളുപ്പമെടുക്കാന്‍ സാധിക്കുന്ന ക്യാച്ചായിരുന്നില്ലെന്നു സമാധാനിക്കാം. എന്നാല്‍ കുല്‍ദീപ് അനായാസ ക്യാച്ചാണ് നിലത്തിട്ടത്. പവര്‍പ്ലേയില്‍ 55 റണ്‍സടിക്കാന്‍ പാക് ബാറ്റര്‍മാര്‍ക്കായി. പിന്നാലെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ഫര്‍ഹാന്റെ മറ്റൊരു ക്യാച്ചും അഭിഷേകിനു കൈയിലൊതുക്കാനായില്ല. ബൗണ്ടറി ലൈനില്‍ വച്ച് ക്യാച്ചിനായി അഭിഷേക് ചാടിയെങ്കിലും കൈയില്‍ തട്ടി പന്ത് സിക്‌സായി മാറി.
പാക് ബാറ്റര്‍മാര്‍ കളത്തില്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ ശിവം ദുബെയെ പന്തേല്‍പ്പിച്ച സൂര്യകുമാറിന്റെ നീക്കം ഫലിച്ചു. 21 റണ്‍സുമായി ഫോമിലേക്ക് മടങ്ങിയെത്തിയ സയം അയൂബിനെ ഇത്തവണ അഭിഷേക് കൈവിട്ടില്ല. ആദ്യം കൈവിട്ട ക്യാച്ചിനു സമാനമായിരുന്നു ഇത്തവണത്തെ ക്യാച്ചും. പന്ത് സുരക്ഷിതമായി തന്നെ താരം കൈയിലൊതുക്കി. പാകിസ്ഥാന്‍ 11.2 ഓവറിലാണ് 100 കടന്നത്.
പിന്നാലെ ഹുസൈന്‍ തലതിനെ കുല്‍ദീപ് യാദവും അര്‍ധ സെഞ്ച്വറി നേടിയ ഫര്‍ഹാനെ ശിവം ദുബെയും പുറത്താക്കി പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. തലത് 10 റണ്‍സ് മാത്രമാണ് എടുത്തത്.
15 ഓവറുകള്‍ പിന്നിട്ടപ്പോഴാണ് പാകിസ്ഥാന്‍ വീണ്ടും ടോപ് ഗിയറിലേക്ക് മാറിയത്. സല്‍മാന്‍ ആഘയും മുഹമ്മദ് നവാസും ചേര്‍ന്നു സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ നവാസിനെ നേരിട്ടുള്ള ഏറില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാക്കിയത് പാകിസ്ഥാനെ ഞെട്ടിച്ചു. സിംഗിള്‍ എടുത്ത ശേഷം രണ്ടാം റണ്‍സിനായി താരം ശ്രമിച്ചെങ്കിലും ക്രീസ് വിട്ട് നവാസ് സംശയത്തോടെ മടങ്ങി. സൂര്യകുമാര്‍ വിക്കറ്റ് ലക്ഷ്യമിട്ടു നില്‍ക്കുന്നത് താരം കണ്ടതുമില്ല. നേരിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ത്രോ വിക്കറ്റില്‍ പതിച്ചു. ബെയ്ല്‍സ് വീണില്ലെങ്കിലും പന്ത് കൊണ്ട് സ്റ്റംപ് ലൈറ്റ് കത്തി. ഇതോടെ അംപയര്‍ ഔട്ടും വിളിച്ചു.
ഇന്ത്യക്കായി ശിവം ദുബെ 2 വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.