അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ വെറും 162ല്‍ പുറത്തായ വിന്‍ഡീസ് 286 റണ്‍സ് ലീഡ് വഴങ്ങിയാണ് മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് ഇനിയും 260 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് 8 വിക്കറ്റുകളും.
ഓപ്പണര്‍മാരായ ജോണ്‍ കാംപെല്‍ (14), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയുമാണ് ഓപ്പണര്‍മാരെ മടക്കിയത്.
നേരത്തെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യ 5 വിക്കറ്റിന് 448 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. പിന്നാലെയാണ് മൂന്നാം ദിനം വിന്‍ഡീസിനെ ബാറ്റിങിനു വിട്ടത്. കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിന്റെ മിന്നും ബാറ്റിങ്. പിന്നാലെ ആറാം ടെസ്റ്റ് സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും. ഓപ്പണര്‍ കെഎല്‍ രാഹുല്‍ കരിയറിലെ 11ാം സെഞ്ച്വറി നേടി ആദ്യം വഴി വെട്ടിയിരുന്നു. മൂവരുടേയും മികവിലാണ് ഇന്ത്യ സുരക്ഷിത സീറ്റില്‍ എത്തിയത്.
190 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 103 റണ്‍സെടുത്താണ് ജുറേല്‍ സെഞ്ച്വറിയിലെത്തിയത്. താരത്തെ ഒടുവില്‍ ഖരി പിയറെ പുറത്താക്കി വിന്‍ഡീസിനു ബ്രേക്ക് ത്രൂ നല്‍കി. താരം 210 പന്തില്‍ 15 ഫോറും 3 സിക്സും സഹിതം 125 റണ്‍സുമായി മടങ്ങി. ജഡേജയ്ക്കൊപ്പം ചേര്‍ന്നു 206 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ജുറേലിന്റെ മടക്കം.
പിന്നാലെ ജഡേജയും ശതകം തൊട്ടു. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. സ്‌കോര്‍ 92ല്‍ നില്‍ക്കെ 98ലേക്ക് സിക്സടിച്ചെത്തിയ ജഡേജ 168 പന്തില്‍ 5 സിക്സും 6 ഫോറും സഹിതം 100 റണ്‍സിലെത്തി. കളി നിര്‍ത്തുമ്പോള്‍ ജഡേജ 104 റണ്‍സുമായും വാഷിങ്ടന്‍ സുന്ദര്‍ 9 റണ്‍സുമായും ക്രീസില്‍.
രണ്ടാം ദിനം തുടക്കത്തില്‍ കരിയറിലെ 11ാം സെഞ്ച്വറിയടിച്ച് കെഎല്‍ രാഹുലും മികവ് പുലര്‍ത്തി. താരം 197 പന്തില്‍ 12 ഫോറുകള്‍ സഹിതം 100 റണ്‍സുമായി മടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ എ ടീമിനെ ജയത്തിലേക്ക് നയിച്ച രാഹുല്‍ മിന്നും ഫോം അഹമ്മദാബാദിലും തുടര്‍ന്നു. താരത്തിന്റെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്.
2 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലെ ക്യാപ്റ്റന്‍ പുറത്തായി. 94 പന്തുകള്‍ നേരിട്ട് ഗില്‍ 50 റണ്‍സിലെത്തി. പിന്നാലെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സാണ് താരത്തെ മടക്കിയത്.
ഉച്ച ഭക്ഷണത്തിനു പിന്നാലെയാണ് രാഹുല്‍ പുറത്തായത്. താരത്തെ ജോമല്‍ വാറിക്കനാണ് പുറത്താക്കിയത്.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സ് 2 വിക്കറ്റുകള്‍ വീഴ്ത്തി. ജയ്ഡന്‍ സീല്‍സ്, ജോമല്‍ വാറിക്കന്‍, ഖരി പിയറെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ആദ്യം പുറത്തായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് യശസ്വി മടങ്ങിയത്. സ്‌കോര്‍ 90ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. സായ് സുദര്‍ശനാണ് മടങ്ങിയത്. താരം 7 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സായ് മടങ്ങിയത്.
ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രിത് ബുംറയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. സിറാജ് നാലും ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.