ഏകദിന ലോകകപ്പില്‍ ചരിത്രം തിരുത്തി റിച്ച ഘോഷ്; പുരുഷ താരത്തിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി!

Oct 10, 2025

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ തോറ്റെങ്കിലും മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. താരം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്താണ് കളം വിട്ടത്. 8ാം സ്ഥാനത്തിറങ്ങി 77 പന്തില്‍ താരം അടിച്ചുകൂട്ടിയത് 94 റണ്‍സ്. കന്നി ഏകദിന സെഞ്ച്വറി വെറും 6 റണ്‍സില്‍ നഷ്ടമായതാണ് നിരാശപ്പെടുത്തിയത്.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ (പുരുഷ, വനിത) 8ാം സ്ഥാനത്തോ അതിനു താഴെയോ ഇറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന താരമായി റിച്ച മാറി. റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ടന്‍ നെയ്‌ലിനെയാണ് റിച്ച പിന്തള്ളിയത്. 2019ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കോള്‍ടര്‍ നെയ്ല്‍ നേടിയ 92 റണ്‍സാണ് റിച്ച പഴങ്കഥയാക്കിയത്.

വനിതാ വിഭാഗത്തില്‍ ഈ റെക്കോര്‍ഡ് നേരത്തെ മറ്റൊരു ഇന്ത്യന്‍ താരമായ പൂജ വസ്ത്രാക്കറുടെ പേരിലാണ്. 2022ലെ ലോകകപ്പില്‍ താരം പാകിസ്ഥാനെതിരെ 67 റണ്‍സ് നേടിയതായിരുന്നു വനിതാ വിഭാഗത്തില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഒരു ലോകകപ്പ് പോരാട്ടത്തില്‍ 8ാം സ്ഥാനത്തിറങ്ങി 80നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായും (പുരുഷ, വനിത) റിച്ച മാറി. 2019ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ എട്ടാം സ്ഥാനത്തിറങ്ങി രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി പിന്നിട്ടിരുന്നു. താരം പക്ഷേ 77റണ്‍സാണ് കണ്ടെത്തിയത്.

LATEST NEWS