യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

Oct 10, 2025

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് താരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.

ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. ആദ്യ കളിയില്‍ ബാറ്റിങ് പരാജയപ്പെട്ട സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറിയുമായി യശസ്വിക്ക് മികച്ച പിന്തുണ നല്‍കി ക്രീസിലുണ്ട്.

യശസ്വി 106 റണ്‍സുമായും സായ് സുദര്‍ശന്‍ 63 റണ്‍സുമായും ബാറ്റിങ് തുടരുന്നു. ഇന്നും ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.

LATEST NEWS