‘നിങ്ങളില്ലാതെ 2027 ലോകകപ്പ് ജയിക്കില്ല, സ്റ്റാര്‍ക്കിനെ തൂക്കി എറിയണം’; രോഹിത് കടുത്ത പരിശീലനത്തില്‍

Oct 13, 2025

മുംബൈ: മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ആഴ്ച ഓസ്ട്രേലിയയിലേക്ക് പോകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട 38 കാരനായ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍, ഒക്ടോബര്‍ 19 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഇന്ത്യയ്ക്കായി സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കും. ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി, രോഹിത് മുംബൈയില്‍ കഠിന പരിശീലനമാണ് നടത്തുന്നത്.

വെള്ളിയാഴ്ച മുംബൈ നഗരത്തിലെ ശിവജി പാര്‍ക്കില്‍ ബാറ്റിങ് പരിശീലനത്തിന് എത്തിയപ്പോള്‍ രോഹിത്തിനെ കാണാന്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ‘2027 ലെ ഏകദിന ലോകകപ്പ് ജയിക്കണം, രോഹിത്തില്ലാതെ അത് നടക്കില്ല’- ആരാധകരുടെ ഇത്തരത്തിലുള്ള കമന്റുകള്‍ അടങ്ങിയ വിഡിയോയകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരിശീലനത്തിനിടെ അടുത്ത പന്തില്‍ രോഹിത് ഒരു വലിയ ഷോട്ട് അടിച്ചപ്പോള്‍ ‘ഓസ്‌ട്രേലിയയിലും നിങ്ങള്‍ ഇതേ ഷോട്ട് അടിക്കണം… നോക്കൂ, നോക്കൂ, സ്റ്റാര്‍ക്ക് തൊട്ടുമുന്നില്‍ നില്‍ക്കുന്നു’- ആരാധകന്‍ ഒച്ചയില്‍ പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.

2025 മാര്‍ച്ച് ഒന്‍പതിന് ന്യൂസിലന്‍ഡിനെതിരെയാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് 76 റണ്‍സ് ആണ് നേടിയത്. മിച്ചല്‍ സാന്റ്‌നര്‍ നയിച്ച ന്യൂസിലന്‍ഡ് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പും കരസ്ഥമാക്കി. ജൂണ്‍ ഒന്നിന് ശേഷം രോഹിത് ഒരു മത്സരവും കളിച്ചിട്ടില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലാണ് അദ്ദേഹം അവസാനമായി മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയത്.

LATEST NEWS