‘വണ്ടറടിപ്പിച്ച’ ഹാരി കെയ്ൻ ​ഗോൾ; പോസ്റ്റ് പോലും നോക്കാതെ തൊടുത്ത ആ ബുള്ളറ്റ് ഷോട്ട്!

Jul 2, 2026

അറ്റ്ലാന്റ: ലോക ഫുട്ബോളിലെ സ്ഥിരതയുടെ പര്യായമാണ് ഇം​ഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കോം​ഗോയ്ക്കെതിരായ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇരട്ട ​ഗോളുകൾ നേടി ക്ലബ് ഫുട്ബോളിലെ തൻ്റെ തകർപ്പൻ ഫോം അന്താരാഷ്ട്ര വേദിയിലും ആവർത്തിച്ച് ഇംഗ്ലണ്ടിൻ്റെ രക്ഷകനായി മാറിയാണ് കെയ്ൻ കളം വിട്ടത്. ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം ഇം​ഗ്ലണ്ട് 2-1നു മത്സരം സ്വന്തമാക്കിയപ്പോൾ രണ്ട് ​ഗോളും ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ വകയായിരുന്നു.

അതിൽ തന്നെ താരം നേടിയ രണ്ടാം ​ഗോൾ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ​ഗോൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്നതായിരുന്നു. കാണികളെയും ഫുട്ബോൾ ലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ​ഗോൾ. കോംഗോയുടെ ഒന്നിലധികം പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞായിരുന്നു കെയ്ൻ്റെ ആ അവിസ്മരണീയ ഗോൾ. മത്സരത്തിൻ്റെ 75ാം മിനിറ്റ് വരെ കോംഗോയ്ക്ക് പിന്നിലായിരുന്ന ഇംഗ്ലണ്ട്, ടൂർണമെന്റിൽ നിന്ന് പുറത്താകുമോ എന്ന നിലയിലേക്ക് എത്തിയിരുന്നു. അവിടെ നിന്നാണ് കെയ്ൻ അവിശ്വസനീയ രക്ഷാപ്രവർത്തനവുമായി ഇംഗ്ലണ്ടിന് തുണയായത്.

ആ അത്ഭുത ഗോൾ പിറന്ന വഴി…

പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോർഡൻ 86ാം മിനിറ്റിൽ ബോക്സിന്റെ വക്കിൽ നിന്നു പിന്നിലേക്ക് തള്ളിക്കൊടുത്ത അപകടകരമായ പാസ് പെനാൽറ്റി ബോക്സിന്റെ അരികിൽ വെച്ചാണ് കെയ്ൻ സ്വീകരിക്കുന്നത്. കോംഗോ പ്രതിരോധ നിരയുടെ ശക്തമായ കാവലിനിടയിലും ബോക്സിനുള്ളിൽ അതിവേഗത്തിലാണ് കെയ്ൻ പ്രതികരിച്ചത്. പോസ്റ്റിന് അഭിമുഖമല്ലാതെ പന്ത് സ്വീകരിച്ച അദ്ദേഹം, തൻ്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ഡിഫെൻഡറെ പെട്ടെന്ന് തന്നെ കബളിപ്പിച്ച് പന്ത് വലത് കാലിലേക്ക് മാറ്റി. പിന്നാലെ തന്നെ വളഞ്ഞ മൂന്ന് പ്രതിരോധ നിരക്കാർക്കിടയിൽ നിന്ന് അൽപ്പം സ്ഥലം കണ്ടെത്തിയ കെയ്ൻ വളരെ പ്രയാസമേറിയ ഒരു ആംഗിൾ നിന്നാണ് മനോഹരമായി പന്ത് വലയിലേക്ക് അടിക്കുന്നത്.

പാസ് സ്വീകരിച്ച് വെട്ടിയൊഴിഞ്ഞ് നീങ്ങിയ കെയ്ൻ ​ഗോൾ പോസ്റ്റിലേക്കേ നോക്കുന്നുണ്ടായിരുന്നില്ല എന്നതാണ് ഈ ​ഗോളിന്റെ മറ്റൊരു സവിശേഷത. തനിക്കു പാകത്തിലുള്ള ആം​ഗിളിലേക്ക് പന്തെത്തിച്ച് വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ടിലൂടെയാണ് ഇം​ഗ്ലീഷ് നായകൻ വല ചലിപ്പിച്ചത്. അതുവരെ ഇം​ഗ്ലീഷ് താരങ്ങൾ തൊടുത്ത ​ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകൾ തട്ടിയകറ്റി ഹീറോയായ കോംഗോ ഗോൾ കീപ്പർ ലയണൽ എംപാസിയെ കാഴ്ചക്കാരനാക്കി പോസ്റ്റിൻ്റെ ടോപ്പ് റൈറ്റ് കോർണറിലേക്കാണ് കെയ്നിന്റെ വണ്ടർ ​ഗോൾ തുളച്ചു കയറി.

പെലെയെ മറികടന്നു

ഈ ലോകകപ്പിൽ കെയ്ൻ നേടുന്ന അഞ്ചാമത്തെ ​ഗോളാണിത്. കെയ്നിന്റെ ലോകകപ്പ് കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 13 ആയി ഉയർന്നു. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടതൽ ​ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ കെയ്ൻ ബ്രസിൽ ഇതിഹാസം പെലെയെ (12 ഗോളുകൾ) മറികടന്നു.

കഴിഞ്ഞ ​​ദിവസം പനാമയ്ക്കെതിരായ മത്സരത്തിൽ ഗാരി ലീനേക്കറെ മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ബഹുമതി കെയ്ൻ സ്വന്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ 13 ഗോളുകളോടെ ബ്രസീലിയൻ ഇതിഹാസം പെലെയെയും താരം പിന്തള്ളിയത്.

ഈ ലോകകപ്പിൽ കെയ്നിന്റെ ആകെ ഗോളുകളുടെ എണ്ണം 5 ആയി ഉയർന്നു. നിലവിൽ ടോപ്പ് സ്കോറർ പട്ടികയിൽ ഒന്നാമതുള്ള ലയണൽ മെസിയേക്കാൾ ഒരു ഗോൾ മാത്രം പിന്നിലാണ് അദ്ദേഹം. ഇംഗ്ലണ്ട് ജേഴ്സിയിൽ 117 മത്സരങ്ങളിൽ നിന്നായി കെയ്ൻ ഇതുവരെ 84 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ (ലോകകപ്പ്, യൂറോ കപ്പ്) നിന്നു മാത്രം താരം നേടുന്ന 20ാം ഗോൾ കൂടിയായിരുന്നു ഇത്.

കോംഗോയ്ക്കെതിരെ ഇറങ്ങിയതോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (15 മത്സരങ്ങൾ) സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്ന ഔട്ട്ഫീൽഡ് താരം എന്ന റെക്കോർഡും കെയ്ൻ സ്വന്തം പേരിലാക്കി. ജയത്തോടെ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. സഹ ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

cake tower new
LATEST NEWS
നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം

നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം

ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ...