ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

Dec 5, 2024

മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ​ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.

ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ​ഗോളുകളുമായി അരയ്ജിത് സിങ് ​​ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.

കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ​ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ​ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ​ഗോളുകൾ നേടി. ശേഷിച്ച ​ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ​​ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.

നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.

കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.

LATEST NEWS