പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.
ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്. ശ്രീനന്ദ പോകാന്‍ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദ സഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് കുടുബം ആവശ്യപ്പെടുന്നു.



















