ദാസനേയും വിജയനേയും സൃഷ്ടിച്ച് മലയാളിയുടെ സൗഹൃദത്തിന് എക്കാലത്തേയ്ക്കുമൊരു ടെംപ്ലേറ്റ് നല്‍കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. ജീവിതത്തിലും സൗഹൃദമായിരുന്നു ശ്രീനിയുടെ ഏറ്റവും വലിയ കരുത്ത്. അവസാനമായി ശ്രീനിയെ കാണാനോടിയെത്തിയ മോഹന്‍ലാലും മമ്മൂട്ടിയും മുതലിങ്ങോട്ടുള്ള താരങ്ങളും സിനിമാ പ്രവര്‍ത്തകരുമെല്ലാം അത് അടിവരയുണ്ട്.
ശ്രീനിയുടെ സൗഹൃദത്തിന്റെയും കാഴ്ചപ്പാടുകളുടേയും അടയാളപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം. തന്റെ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ശ്രീനി പറഞ്ഞ വാക്കുകള്‍ അതിനൊരു ഉദാഹരണമാണ്. ഒരു മുസ്ലീമും, ഒരു ക്രിസ്ത്യാനിയും തന്ന പണത്തിനാണ് ഹിന്ദുവായ താന്‍ താലി വാങ്ങിയതും കല്യാണം കഴിച്ചതുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.
”ഞാന്‍ നാട്ടിലേക്ക് പോവുകയാണെന്ന് ഇന്നസെന്റിനോട് പറഞ്ഞു. രജിസ്റ്റര്‍ കല്യാണമാണെന്നും പറഞ്ഞു. എവിടെയാണ് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. വൈകുന്നേരം പോകുന്നതിന് മുമ്പായി എന്റെ കയ്യില്‍ 400 രൂപ വച്ചു തന്നു. അദ്ദേഹത്തിന്റെ കയ്യില്‍ പൈസയില്ലെന്ന് എനിക്കറിയാം. ഇത് എവിടുന്നു വന്നുവെന്ന് ഞാന്‍ ചോദിച്ചു. ആലീസിന്റെ രണ്ട് വള പോയി, എന്നാലും നീ പോയി കല്യാണം കഴിക്ക് എന്നായിരുന്നു മറുപടി” ശ്രീനി പറയുന്നു.
”ഞാന്‍ നേരെ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. ഒരു ഹോട്ടലിലാണ്. നാളെ എന്റെ കല്യാണമാണ് രണ്ടായിരം രൂപ വേണം എന്ന് പറഞ്ഞു. കാര്യങ്ങളൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. ആര്‍ഭാടമൊന്നുമില്ല. ഇത് താലി വാങ്ങാനാണ്. അതും അമ്മ പറഞ്ഞതു കൊണ്ടാണ്. അല്ലെങ്കില്‍ ഞാനിങ്ങനെ വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം രണ്ടായിരം രൂപ തന്നു”.
”ആരേയും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും താന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വാങ്ങിയ താലിയാണ് ഞാന്‍ വിമലയുടെ കഴുത്തില്‍ ചാര്‍ത്തിയത്. ഒരു ക്രിസത്യാനി ഭാര്യയുടെ വള വിറ്റ് കല്യാണത്തിനുള്ള കാശ് തന്നു. മുസ്ലീം തന്ന പണത്തിന് താലി വാങ്ങിയാണ്, ഹിന്ദുവായ ഞാന്‍ കല്യാണം കഴിച്ചത്.” എന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. തന്റെ വിവാഹകഥ പറഞ്ഞുകൊണ്ട് മതത്തിന്റെ ചട്ടക്കൂടുകളെ തകര്‍ക്കണമെന്നും ശ്രീനി പറഞ്ഞിട്ടുണ്ട്.
ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീം തന്ന 2000 രൂപയ്ക്കും വാങ്ങിയ സ്വര്‍ണത്താലിയാണ് ഹിന്ദുവായ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞാന്‍ കെട്ടിയത്. എന്ത് മതം, ആരുടെ മതം, എവിടെയുള്ള മതം? ഒന്നിലും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ എല്ലാത്തിലും വിശ്വസിക്കണം എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

















