ശ്രീനിയെ കാണാന്‍ പാര്‍ത്ഥിപന്റെ സാഹസിക യാത്ര

Dec 22, 2025

ശ്രീനിവാസനെ അവസാനമായി കാണാനെത്തിയവരില്‍ തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപനുമുണ്ടായിരുന്നു. ശ്രീനിയെ ഒരു നോക്ക് കണ്ട് യാത്ര പറയാനായി താന്‍ താണ്ടിയ ദൂരത്തേയും സാഹസികമായ യാത്രയെക്കുറിച്ചുമുള്ള പാര്‍ത്ഥിപന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നാല് തവണ അപകടമുണ്ടാകുന്നതില്‍ നിന്നും രക്ഷപ്പെട്ടാണ് താന്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്.

വിമാനത്തില്‍ സീറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഒടുവില്‍ സ്റ്റാഫ് പിന്മാറിയപ്പോള്‍ ആ സീറ്റാണ് പാര്‍ത്ഥിപന് ലഭിച്ചത്. ശ്രീനിയുടെ വീട്ടിലെത്തിയപ്പോഴും തന്നെയാരും ശ്രദ്ധിക്കില്ലെന്നായിരുന്നു പാര്‍ത്ഥിപന്‍ കരുതിയതും ആഗ്രഹിച്ചതും. എന്നാല്‍ സംവിധായകന്‍ രാജേഷ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു. രാജേഷ് തനിക്ക് അയച്ച മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു പാര്‍ത്ഥിപന്‍ തന്റെ യാത്രയെക്കുറിച്ച് വിവരിച്ചത്. ആ വാക്കുകളിലേക്ക്:

ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള എന്റെ യാത്ര എത്രത്തോളം തീവ്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 7.55 ന് ഞാന്‍ ബെന്‍സുമെടുത്തിറങ്ങി. ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്. രാത്രി 8.40ന് ഞാന്‍ വിമാനത്താവളത്തിലെത്തി. യാത്രാമധ്യേ നാല് വ്യത്യസ്തമായ ഇടങ്ങളില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടായിരുന്നു. ഒറ്റയ്ക്കായിരുന്നു എന്റെ യാത്ര.

8.50 നായിരുന്നു ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എയര്‍പോര്‍ട്ടിലെത്തിയെങ്കിലും സീറ്റുകളൊന്നും ഉണ്ടായിരുന്നില്ല. പകുതി കാര്യമായും പകുതി കളിയായും പൈലറ്റിന്റെ സീറ്റാണെങ്കിലും തരൂ എന്ന് ഞാന്‍ ഇന്‍ഡിഗോയിലെ സീനിയര്‍ മാനേജരോട് പറഞ്ഞു. ഒടുവില്‍ 9.25ന് ഒരു സ്റ്റാഫ് തിരിച്ചിറങ്ങി. അങ്ങനെ ആ സീറ്റ് എനിക്ക് തന്നു. അത് സാധ്യമാക്കി തന്ന സീനിയര്‍ മാനേജരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

രാത്രി പതിനൊന്ന് മണിയ്ക്കാണ് ഞാന്‍ കൊച്ചിയിലെത്തിയത്. എവിടെ തങ്ങുമെന്ന് അറിയില്ല. ഒടുവില്‍ ശ്രീനിവാസന്‍ സാറിന്റെ വീടിന്റെ അടുത്തായി തരക്കേടില്ലാത്തൊരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ കണ്ടെത്തി. ഇന്ന് ഞാന്‍ ദുബായിലെത്തേണ്ടതായിരുന്നു. ആ ഫ്‌ളൈറ്റ് ക്യാന്‍സലാക്കി. ഹോട്ടലും ക്യാന്‍സലാക്കിയിരുന്നു. എവിടെ നിന്നാണെങ്കിലും എന്റെ അനുശോചനം രേഖപ്പെടുത്താനാകുമായിരുന്നു. എന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചു.

അവിടെ നിന്നും ഇവിടെ വരെയുള്ള ദൂരം ഞാന്‍ എന്തിന് താണ്ടിയെന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. എന്തോ ഒന്ന് എന്റെ ഉള്ളിന്റെയുള്ളില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള ഇതിഹാസങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ധാരാളം സമ്പത്ത് കണ്ടിട്ടുണ്ട്. എന്റെ മുമ്പില്‍ കണ്ടത് പണമായിരുന്നില്ല. പരിശുദ്ധമായൊരു ആത്മാവും, അത്യന്തം ബഹുമാനം അര്‍ക്കുന്നൊരു പ്രതിഭയായിരുന്നു.

എന്റെ പ്രിയ കൂട്ടുകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ മുല്ലപ്പൂക്കള്‍ കയ്യില്‍ കരുതിയിരുന്നു. എന്നെ ആരും തിരിച്ചറിയില്ലെന്ന് അറിയാമായിരുന്നു. ഒരിക്കലും അതായിരുന്നില്ല ലക്ഷ്യവും. പ്രപഞ്ചത്തിന് എല്ലാം കാണാനാകും എന്നതായിരുന്നു എനിക്ക് പ്രധാനം. പരിപൂര്‍ണ സത്യസന്ധതയോടെ ഒരു കാര്യം ചെയ്താല്‍ അത് എത്തേണ്ടിടത്ത് എത്തും. ആ സൗഹൃദത്തിലേക്ക്. പ്രപഞ്ചം മാത്രമാണ് സാക്ഷിയെങ്കിലും.

എന്റെ സാന്നിധ്യം ആരും അറിയില്ലെന്നാണ് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നത്. അതില്‍ ഞാന്‍ പരിപൂര്‍ണ തൃപ്തനുമായിരുന്നു. എന്നാലും സംവിധായകന്‍ രാജേഷ് എന്നെ കണ്ടു. എനിക്ക് അദ്ദേഹം മെസേജുകള്‍ അയച്ചു. അദ്ദേഹത്തിനൊപ്പം എസ്‌കേപ്പ് ഫ്രം ഉഗാണ്ടയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.

LATEST NEWS
നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന...