ചെന്നൈ: കൊളത്തൂർ എംഎൽഎ വിഎസ് ബാബുവിന്റെ നിര്യാണത്തെ തുടർന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് തമിഴ്നാട്ടിലെ ടിവികെ സർക്കാരിന് വലിയൊരു അഗ്നിപരീക്ഷയാകും. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനെ പരാജയപ്പെടുത്തി ടിവികെ പിടിച്ചെടുത്ത മണ്ഡലത്തിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ സ്റ്റാലിൻ തന്നെ മത്സരിക്കാൻ എത്തുമോ എന്നതാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാന ആകാംക്ഷ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിഎസ് ബാബു സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 82,997 വോട്ടുകൾ ബാബു നേടിയപ്പോൾ 74,202 വോട്ടുകൾ മാത്രമാണ് സ്റ്റാലിന് നേടാനായത്.
ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വിഎസ് ബാബു പിന്നീട് എഐഎഡിഎംകെയിലേക്കും, നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ടിവികെ.യിലേക്കും എത്തുകയായിരുന്നു. നോർത്ത് ചെന്നൈയിൽ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ബാബു, 2011-ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനിയായിരുന്നു. 2016-ൽ ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ടിവികെയിൽ എത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിക്കുക. നിയമത്തിലെ സെക്ഷൻ 151A പ്രകാരം, നിയമസഭയുടെ ബാക്കി കാലാവധി ഒരു വർഷത്തിൽ കുറവല്ലാത്ത സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്ന് കമ്മീഷൻ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലും, ഒഴിവ് വന്ന് ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.



















