ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ വീട്ടുപടിക്കൽ ഇരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സുജിത ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോൺ (2) നാണ് പരുക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകുന്നേരം 7നാണ് സംഭവം. വീടിൻ്റെ വാതിൽക്കൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓടിവന്ന തെരുവ് നായ കടിച്ച് പരുക്ക് ഏൽപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കടിച്ച് വലിച്ച് കൊണ്ട് പോകുവാൻ ശ്രമിക്കുന്നത് ആയിരുന്നു.
നാട്ടുകാരും വീട്ടുകാരും ബഹളം വെച്ച് നായയെ പിൻതിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നായ തുടരെ തുടരെ കുട്ടിയെ കടിച്ചു. വടിയുമായി എത്തിയ അയൽവാസി നായയെ തല്ലി ഓടിച്ച് ആണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ശരീരത്തിൽ ആറോളം മുറുവ്കൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ അഞ്ചുതെങ്ങ് മേഖലയിലെ വിവിധ പ്രാദേശങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്ക്മുൾപ്പെടെ മുപ്പത്തോളം പേർക്കാണ് തെരുവ് നായ അക്രമത്തിൽ പരുക്ക് പറ്റിയിട്ടുള്ളത്.
പകലും രാത്രിയും തെരുവിലിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ സംഭവത്തോടെ വീടുകൾക്കുള്ളിൽ ഇരിക്കുന്നവരെയും തെരുവിനായ്ക്കൾ ആക്രമിക്കുന്ന അവസ്ഥ എത്തിയിട്ടുണ്ട്. തെരുവ് നായ്ക്കൾ എടുത്ത് ചാടുന്നത് കൊണ്ട് ഇരുചക്രവാഹനം അടക്കമുള്ള വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുന്ന അവസ്ഥയുണ്ടാകുന്നു. എത്രയും പെട്ടെന്ന് തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



















