ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍, കോടതികള്‍, കെ.എസ്.ഇ.ബി ഒാഫീസ്, വില്ലേജ് ആഫീസ്, സബ് രജിസ് ട്രാഫീസ്, സബ് ജയില്‍ തുടങ്ങിയ ആറ്റിങ്ങലിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ മാസങ്ങളായി റോഡിലെ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

രാത്രി സമയത്ത് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരുടെ അവസ്ഥ വളരെ ദയനീയമാണെന്നും സ്റ്റേഷനിലേയ്ക്കുളള റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്നുമാണ് നാട്ടുകാരുടെ ആരോപണം. സ്റ്റേഷനിനുളളില്‍ ഉളള വെളിച്ചം മാത്രമാണ് അവിടെ എത്താനുളള ജനങ്ങളുടെ ആശ്രയം. സ്റ്റേഷന്‍ റോഡില്‍ ഇഴജന്തുക്കളുടെ ശല്യവും, തെരുവ് നായ്ക്കളുടെ ശല്യവും, പോലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളായി പ്രദേശത്ത് കൂട്ടി ഇട്ടിരിക്കുന്നതുമൂലം രാത്രികാലങ്ങളില്‍ ഈ വാഹനങ്ങലുടെ മറവിലും, അകത്തുമായി പരസ്യമായ മദ്യപാനം ഉള്‍പ്പെടെയുളള സാമൂഹ്യവിരുദ്ധശല്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്.

അതീവ സുരക്ഷാ മേഖലയായ ഈ പ്രദേശത്തുളള സര്‍ക്കാര്‍ ആഫീസുകളില്‍ ഒരു മോഷണം നടന്നാല്‍ പോലും റോഡിലെ കൂരിരുട്ട്മൂലം ക്യാമറയില്‍ പോലും മോഷ്ടാവിന്‍റെ ചിത്രം പതിയാത്ത അവസ്ഥയാണ് ഇങ്ങനെ പോകുന്നു പരാതികൾ. ഈ പ്രദേശത്ത് വഴിവിളക്ക് കത്തിയിട്ട് ആറുമാസത്തോളമായെന്നാണ് സമീപവാസികളും, പോലീസുകാരടക്കം പറയുന്നത്. എന്നാല്‍ ചുമതലയുളള അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല എന്ന് നാട്ടുകാർ. ഉടൻ തന്നെ ഇതിനൊരു പരിഹാരം കാണണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.


















