കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോര്‍ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്ലിയ വ്യക്തമാക്കുകയായിരുന്നു.
ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖിനോടും ഈ വിവരം തഹ്ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ എന്ന നിര്‍ദേശം ലീഗ് നേതൃത്വം തഹ്ലിയക്ക് നല്‍കിയെന്നാണ് അറിവ്. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ജെഡിടി ഇസ്ലാം സ്‌കൂളിലെ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജെഡിടി സ്‌കൂളിലെ പ്രധാന കവാടത്തിന് സമീപം എല്ലാ സ്‌ട്രോങ് റൂമുകളും കാണാനായി ‘പബ്ലിക് വ്യൂയിങ് സെന്റര്‍’ സ്ഥാപിച്ചിരുന്നു. സ്‌ട്രോങ് റൂം നിരീക്ഷണത്തിനായി ഇവിടെയുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥര്‍ മുറി തുറക്കുന്നത് ആദ്യം സ്‌ക്രീനില്‍ കണ്ടത്. അവര്‍ വിവരം യുഡിഎഫ് ജില്ലാ നേതാക്കളെ അറിയിച്ചു. കളക്ടറോട് അന്വേഷിച്ചപ്പോള്‍ പേരാമ്പ്ര മണ്ഡലത്തിന്റെ വരണാധികാരിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെയാണ് മുറി തുറന്ന സംഭവം വിവാദമായത്.

















