കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഡിഎസ് വിദ്യാർത്ഥിയും കോഴിക്കോട് പുതുവള്ളി സ്വദേശിയുമായ നൗഫലാണ് പിടിയിലായത്. ഇയാളിൽ നിന്നും 72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊല്ലത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ അന്തർ സംസ്ഥാന ബസിൽ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തെത്തിയ ഇയാളെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മെഡിക്കൽ വിദ്യാർത്ഥികളായ മറ്റ് ചിലർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇയാളുടെ മൊഴി.


















