കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി പുതുജീവന്‍ നല്‍കുന്നത് നാലുപേര്‍ക്ക്. കണ്ണൂര്‍ പയ്യാവൂര്‍ ഇരുഡ് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണിന്റെ (17) ബന്ധുക്കളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. അയോണയുടെ രണ്ട് വൃക്കകളും കരളും കോര്‍ണിയയുമാണ് ദാനം ചെയ്യുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേര്‍ക്കാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്തത്.
ഇതില്‍ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. യാത്രാ വിമാനം വഴിയാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് യാത്ര വിമാനം വഴി അവയവം എത്തിച്ചത്. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് അവയവവുമായി തിരുവനന്തപുരത്തേയ്ക്ക് പറന്നത്. 27 വയസുള്ള പാറശാല സ്വദേശിയായ യുവതിക്കാണ് വൃക്ക ദാനം ചെയ്യുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ച മുന്‍പ് ജോലിക്ക് കയറിയ കോര്‍ഡിനേറ്റര്‍ നമിതയാണ് വൃക്കയുമായി തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോയത് എന്ന് നമിത പറയുന്നു. അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്തിലെ ജീവനക്കാര്‍ എല്ലാ സൗകര്യവും ഒരുക്കി തന്നതായും നമിത മാധ്യമങ്ങളോട് പറഞ്ഞു.
അയോണയുടെ രണ്ടാമത്തെ വൃക്ക കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വച്ചുപിടിപ്പിക്കും. കരളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്കാണ് കൈമാറിയത്. കോര്‍ണിയ തലശേരിയിലെ രോഗിക്ക് നല്‍കും.
















