കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ മാടൻനട നന്ദനത്തിൽ ശ്രീകുമാർ സോജ ദമ്പതികളുടെ മകൻ ശ്രീനന്ദ് ശ്രീകുമാർ (16) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏക മകനായിരുന്നു.
ഇന്ന് രാവിലെ ആറരയോടെ കിടപ്പ് മുറിയൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീനന്ദ് സ്കൂളിൽ പോകാൻ താല്പര്യം കാട്ടിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് മാതാപിതാക്കൾ ഇന്ന് സ്കൂളിൽപോയി കാര്യങ്ങൾ
അന്വേഷിക്കുവാനിരിക്കെയാണ് സംഭവം. റാഗിങിന് ഇരയായിരുന്നുവെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു.
അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് സ്കൂളിലായിരുന്നു ശ്രീനന്ദ് എൽ.കെ.ജി മുതൽ പത്ത് വരെയുള്ള വിദ്യഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അഞ്ചുതെങ്ങിലെ തന്നെ പ്രമുഖ പ്ലസ് ടു സ്കൂളിലാണ് പ്ലസ് വണ്ണിന് അഡിഷൻ ലഭിച്ച് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്.
ഓർക്കുക…ആത്മഹത്യ ഒന്നിനും പരിഹാരമല്ല