കണ്ണൂർ: ഏറെ നാടകീയമായ പ്രസ്‌താവനകൾക്കും പ്രതികരങ്ങൾക്കും ഒടുവിൽ സമ്മർദത്തിന് വഴങ്ങി ഹൈക്കമാൻഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ മത്സരിക്കും. എം.പിമാർ മത്സരിക്കേണ്ടതില്ല എന്ന എ.ഐ.സി.സി തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നൽകിയാണ് മത്സരിക്കാൻ അനുമതി നൽകിയത്.
“തെരഞ്ഞെടുപ്പിൽ എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു. കെ.സി. വേണുഗോപാലിനോട് ‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എൻ്റെ വഴി’ എന്നും ഗുഡ് ബൈയും പറഞ്ഞത് ഈ അഭ്യൂഹങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാക്കി.
സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല.
എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാമനാണ് മല്ലികാർജുൻ ഖാർഗെ കൈക്കൊണ്ടത്. ഇതോടെ കെ സുധാകരന് പുറമെ അടൂർ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത്.

















