തിരുവനന്തപുരം: കേരളത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആത്മഹത്യകളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2025 ലെ കണക്ക് പ്രകാരം ഒരു ദിവസം ഒരു ആത്മഹത്യ എന്ന നിലയിലേക്ക് കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതായി പൊലീസ് പറയുന്നു.
2024ല്‍ 332 ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 270 മാത്രമായിരുന്നു. എന്നാല്‍ 2025ല്‍ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യ 359 ആയി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 73 കേസുകള്‍ 14 വയസ്സിന് താഴെയുള്ളവരാണ്. 14-18 വയസ്സ് പ്രായമുള്ളവരിലാണ് 286 ആത്മഹത്യകളെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 54 എണ്ണം. തൊട്ടുപിന്നില്‍ കൊല്ലമാണ്. 42 എണ്ണം. ആകെ ആത്മഹത്യകളില്‍ 190 പേര്‍ പെണ്‍കുട്ടികളും 169 പേര്‍ ആണ്‍കുട്ടികളുമാണ്. കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ വര്‍ദ്ധിച്ചുവരുന്നത് സമൂഹത്തിലെ ആത്മഹത്യാ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കാണണമെന്ന് കൊല്ലത്തെ ഗവണ്‍മെന്റ് എംസിഎച്ചിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. മോഹന്‍ റോയ് പറഞ്ഞു.
അക്കാദമിക് സമ്മര്‍ദ്ദം, അധ്യാപകരുടെ പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, മാതാപിതാക്കളുമായുള്ള ചെറിയ വഴക്കുകള്‍ തൊട്ട് പ്രണയ പരാജയങ്ങള്‍ വരെ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യയ്ക്കുള്ള വ്യത്യസ്ത കാരണങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വിവാദമായ പാലക്കാട് കണ്ണാടി സ്‌കൂളിലെ പതിനാലു വയസുകാരന്റെ ആത്മഹത്യക്ക് കാരണമായത് അധ്യാപികയുടെ ഭീഷണിപ്പെടുത്തലായിരുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സഹപാഠിയോട് മോശം ഭാഷ ഉപയോഗിച്ചത് സൈബര്‍ സെല്ലില്‍ പരാതിപ്പെടുമെന്ന് അദ്ധ്യാപിക പറഞ്ഞപ്പോള്‍ ഭയപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം അതേ സ്‌കൂളിലെ മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്തു, ഒരു പത്താം ക്ളാസുകാരന്‍.
പാലക്കാട് തന്നെ നടന്ന മറ്റൊരു സംഭവത്തിലെ വില്ലന്‍ റാഗിങ്ങ് ആയിരുന്നു. പതിനാറ് വയസുകാരി കടുംകൈ ചെയ്തത് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നാണെന്നാണ് വീട്ടുകാര്‍ ആരോപിച്ചത്.
കൊറിയന്‍ സുഹൃത്ത് മുതല്‍ ഫുട്ബാള്‍ വരെ
സര്‍ക്കാരും സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2026 ലും കേരളത്തിലെ സാഹചര്യം വ്യത്യസ്തമാവില്ല എന്നാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ പതിനാറുകാരിയായ കുട്ടിയെ പാറമടയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നും കാരണം കൊറിയകാരനായ സുഹൃത്തിന്റെ മരണത്തിലുള്ള മനോവിഷമം ആണെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ കുട്ടി പരിചയപ്പെട്ടതാണീ കൊറിയന്‍ സുഹൃത്തിനെ. അങ്ങനെയൊരു വ്യക്തി ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്.
കൊല്ലത്ത് രണ്ടു കായിക വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം അധ്യാപകര്‍ ചില കൂട്ടുകെട്ടുകള്‍ വിലക്കിയതാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞയാഴ്ച പാലക്കാട് എലപ്പുള്ളിയില്‍ പതിനാറുകാരന്‍ തൂങ്ങി മരിച്ചത് വീട്ടുകാര്‍ ഫുട്ബാള്‍ പരിശീലനത്തിന് പോകാന്‍ അനുവദിക്കാത്തതിനാലാണ് എന്നാണ് പത്രവാര്‍ത്ത.
ചികിത്സ വേണ്ടത് സമൂഹത്തിന്
പൊതുവില്‍ മാനസികാരോഗ്യം കുറഞ്ഞതും അതിന് ചികിത്സ തേടാന്‍ മടിക്കുന്നതുമായ ഒരു സമൂഹമാണ് നമ്മുടേതെന്ന് ഡോക്ടര്‍ മോഹന്‍ റോയ് പറയുന്നു. ‘ആത്മഹത്യ ഒരു പകര്‍ച്ചവ്യാധി പോലെ നിലനില്‍ക്കുന്ന സമൂഹത്തിലെ കുട്ടികളാണ് നമ്മുടേത്. ‘കോപ്പിക്യാറ്റ് സൂയിസൈഡ് ട്രെന്‍ഡ് (അനുകരണ സ്വഭാവത്തിലുള്ള ആത്മഹത്യാ പ്രവണത) നിലനില്‍ക്കുന്ന സമൂഹമാണ്. മാധ്യമങ്ങള്‍ വലിയൊരളവ് വരെ ഇതിന് കാരണക്കാരാണ്. എവിടെയെങ്കിലും ഒരാത്മഹത്യ നടന്നാല്‍ ഔചിത്യമില്ലാതെ അവയുടെ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ സമാന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരില്‍ അത് സ്വാധീനം ഉണ്ടാക്കുന്നു. ഇതാ എനിക്കും ഒരു രക്ഷാമാര്‍ഗം എന്ന് അവര്‍ക്ക് തോന്നലുണ്ടാകും,’- മോഹന്‍ റോയ് പറയുന്നു.
‘വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി’ എന്നൊക്കെ തലക്കെട്ട് തട്ടി വിടുന്ന മാധ്യമങ്ങള്‍ ആ വരി മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന ഗുരുതരവും അപകടകരവുമായ സ്വാധീനത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. കൂട്ടായ ശ്രമം ഉണ്ടെങ്കില്‍ സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നതേയുള്ളു എന്നാണ് മോഹന്റെ അഭിപ്രായം. കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമുള്ള രണ്ടു ഘടകങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും. ഇവര്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താനാകും. ഇവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ ആശയവിനിമയം എപ്പോഴും ഉണ്ടാകണം.’
‘നമ്മുടെ മിക്ക സ്‌കൂളുകളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പിടിഎ മീറ്റിംഗ് നടക്കുമ്പോഴാണ് അദ്ധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കാണുന്നത്. അപ്പോഴും സംഭാഷണ വിഷയം പഠനവും മാര്‍ക്കും മാത്രമാവും. കുട്ടിയുടെ പൊതുവിലുള്ള പെരുമാറ്റം, സ്വഭാവ സവിശേഷതകള്‍ ഒന്നും ചര്‍ച്ചയാവില്ല. ഇത് മാറിയേ തീരൂ. ഇരുകൂട്ടരും കുട്ടിയെ ശ്രദ്ധിക്കുകയും സ്വഭാവത്തിലെ പ്രത്യേകതകള്‍, മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ വേണ്ട കേസുകളില്‍ അത് ചെയ്യണം.’
എല്ലാ സ്‌കൂളുകളിലും അക്കാദമിക വര്ഷം തുടങ്ങുമ്പോള്‍ കുട്ടികളുടെ മാനസികനില വിലയിരുത്തണം. ആത്മഹത്യകള്‍ തികച്ചും തടയാന്‍ സാധിക്കുന്ന ഒന്നാണ്. അതിനായി വലിയൊരു കാമ്പയിന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആശാ വര്‍ക്കര്‍മാര്‍ കുടുംബശ്രീ എന്നിവരുമായി ചേര്‍ന്ന് നടപ്പിലാക്കണം എന്നും മോഹന്‍ പറയുന്നു.



















