തൃശൂർ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ പരസ്പരം താങ്ങും തണലുമാവുകയും 79-ാം വയസ്സിൽ വിവാഹിതരായി നാടിന് മാതൃകയാവുകയും ചെയ്ത വിജയരാഘവനും വിടവാങ്ങി. ജീവിതത്തിന്റെ സായാഹ്നത്തിൽ കൈപിടിച്ച പ്രിയതമ സുലോചന വിടപറഞ്ഞ് ആഴ്ചകൾക്കകമാണ് വിജയരാഘവനും യാത്രയായത്. ഇവരുടെ വിയോഗത്തോടെ രാമവർമ്മപുരം സർക്കാർ വൃദ്ധസദനം കണ്ണീരണിഞ്ഞു.

79 വയസ്സുകാരൻ വിജയരാഘവനും 75 വയസ്സുകാരി സുലോചനയും 2025 ജൂലൈ 7-നാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വൃദ്ധസദനത്തിൽ വെച്ച് നടന്ന ഈ അപൂർവ്വ വിവാഹം കേരളത്തിലുടനീളം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
വൃദ്ധസദനത്തിലെ സൗഹൃദം പ്രണയമായപ്പോൾ
തൃശൂർ പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019-ലാണ് രാമവർമ്മപുരം വൃദ്ധസദനത്തിലെത്തുന്നത്. സ്വന്തമായി ചെടികളുടെ നഴ്സറി നടത്തിയിരുന്ന അദ്ദേഹം ഉപഭോക്തൃ മാസികയിൽ ലേഖകനായും പ്രവർത്തിച്ചിരുന്നു. ടൈപ്പിസ്റ്റായിരുന്ന ആദ്യഭാര്യ വിലാസിനി മസ്തിഷ്കാഘാതം ബാധിച്ച് മരിച്ചതോടെയാണ് ഒറ്റയ്ക്കായ വിജയരാഘവൻ സർക്കാർ മന്ദിരത്തിലേക്ക് മാറിയത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.
ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024-ലാണ് ഇവിടെ അന്തേവാസിയായി എത്തിയത്. കരിങ്കൽ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധൻ 26 വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി വീടുവിറ്റ് വാടകവീട്ടിലും മറ്റുമായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു അവർ. സുലോചനയ്ക്കും മക്കളുണ്ടായിരുന്നില്ല.

വൃദ്ധസദനത്തിലെ ഒത്തുചേരലുകളിലൂടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഇരുവരും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി.



















