തൃശൂര്‍ മേയര്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍

Dec 27, 2024

തൃശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് ചോറ് ഇവിടെയും കുറ് അവിടെയും ഉള്ള ആളാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയമായും യോജിക്കാനാവില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു

‘ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കൈയില്‍ നിന്നും കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണ്. സുരേന്ദ്രന്‍ കേക്ക് കൊടുത്തതിനെ താന്‍ കുറ്റം പറയില്ല. കേരളത്തില്‍ ഒരുപാട് മേയര്‍മാര്‍ ഉണ്ടായിട്ടും തൃശൂര്‍ മേയര്‍ക്ക് മാത്രമാണ് കേക്ക് കൊടുത്തത്. വഴി തെറ്റി വന്ന് കൊത്തതല്ല. കേക്ക് സ്വീകരിച്ചതില്‍ എനിക്ക് ഒരു അത്ഭുതവും തോന്നിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയ പരമായും യോജിക്കാനാവില്ല’- സുനില്‍ കുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍റെ സന്ദര്‍ശനത്തിന് ശേഷം എംകെ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്രിസ്മസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നും വര്‍ഗീസ് പറഞ്ഞിരുന്നു.

LATEST NEWS