ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രീം കോടതി

Oct 31, 2022

seena

ന്യൂഡൽഹി: ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന നടത്തുന്നതു വിലക്കി സുപ്രീം കോടതി ഉത്തരവ്. ഇന്നും ഇത്തരം പ്രാകൃതമായ പരിശോധനകള്‍ തുടരുന്നു എന്നത് ഖേദകരമാണെന്ന് കോടതി പറഞ്ഞു. പുരുഷാധിപത്യ മനോഘടനയില്‍നിന്നാണ് ഇത്തരം പരിശോധനകള്‍ ഉണ്ടാവുന്നതെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോലിയും അഭിപ്രായപ്പെട്ടു. രണ്ടു വിരല്‍ പരിശോധന നടത്തരുതെന്ന് നേരത്തെയും കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. യഥാര്‍ഥത്തില്‍ അത് ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ ആളെ വീണ്ടും ഇരയാക്കുകയാണ്, വീണ്ടും ട്രോമയിലേക്കു തള്ളിവിടുകയാണ്. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ ധാരണയാണ് ഈ പരിശോധനയ്ക്കു പിന്നില്‍.

തെലങ്കാനയില്‍ ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു, സുപ്രീം കോടതി. ബലാത്സംഗ കേസില്‍ സ്ത്രീയുടെ മൊഴിയുടെ സാധുതയ്ക്ക് അവരുടെ ലൈംഗിക ചരിത്രവുമായി ബന്ധമില്ല. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ, താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കുന്നത് പുരുഷാധിപത്യ മനോഘടനയാണ്- കോടതി ചൂണ്ടിക്കാട്ടി.രണ്ടു വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ പെരുമാറ്റ ദൂഷ്യത്തിനു നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കണമെന്ന് കോടതി പറഞ്ഞു.

cake tower new
LATEST NEWS