വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

Aug 7, 2025

ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി.

ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് നിയോ​ഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകിയിരുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. മാര്‍ച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകള്‍ മാറ്റി. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. 10 പേര്‍ പണം കണ്ടതായി മൊഴി നല്‍കി. ജസ്റ്റിസ് വര്‍മയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനല്‍കി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്ജ. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

LATEST NEWS
‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

‘വയനാട്ടിലേക്ക് ഇനി വേഗത്തില്‍’; ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

തിരുവനന്തപുരം: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത...

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ...

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മനശാസ്ത്രജ്ഞ ജീവനൊടുക്കി....