ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍) ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ചുപോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആര്‍ നടപടികള്‍ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തിനോടു സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബര്‍ 11 വരെയാണ് നീട്ടിയിരിക്കുന്നത്. കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും.

















