തൃപ്പൂണിത്തുറ: അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ഗോപി ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസിനായി കൂടുതല്‍ ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് 2015 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ജില്ലയെ ഫോക്കസ് ചെയ്താണ് അവര്‍ നീങ്ങുന്നത്. അതില്‍ ഒരിടത്ത് ചില അവിശുദ്ധനീക്കം ഉള്ളതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തീര്‍ച്ചയായും കേരളത്തില്‍ ഒരു ജില്ലയില്‍ എയിംസ് വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ. നിലവില്‍ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് എയിംസ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്ക് എയിംസിനായി മുന്‍ഗണന നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂര്‍ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശ്ശൂരിന് എയിംസ് നല്‍കുന്നതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പുച്ഛം കാണും, കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും, അത് അവരുടെ ഡിഎന്‍എയാണ്. അതവര്‍ ചെയ്തുകൊണ്ടേയിരിക്കട്ടേ. പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രീം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. പിന്നെ ഉരുളക്കിഴങ്ങും തക്കാളിയും ഒക്കെ വില്‍ക്കുന്നവര്‍ ഉടന്‍ തന്നെ പിഒഎസ് ഒക്കെവെച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോള്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറന്‍സി… എന്നിടത്ത് എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ”, സുരേഷ് ഗോപി പറഞ്ഞു.
















