‘മൂന്നാം നമ്പറില്‍ നീയാണ്, അടിച്ചു തകര്‍ക്കൂ’, സൂര്യ പറഞ്ഞു; ആ ഫ്ളയിങ് കിസ് ക്യാപ്റ്റനുള്ള നന്ദി

Nov 14, 2024

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20ല്‍ തന്റെ ഹോട്ടല്‍ മുറിയില്‍ തട്ടിയിട്ട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചപ്പോള്‍ അമ്പരപ്പോടെയാണ് തിലക് വര്‍മ അത് കേട്ടത്. സ്ഥാനക്കയറ്റം ലഭിച്ചതില്‍ സൂര്യകുമാര്‍ യാദവിനോട് നന്ദി പറഞ്ഞ തിലക് വര്‍മ, താന്‍ നിരാശപ്പെടുത്തില്ലെന്ന് ക്യാപ്റ്റന് വാഗ്ദാനവും നല്‍കി. 51 പന്തില്‍ സെഞ്ച്വറി നേടിയ തിലക് വര്‍മ ക്യാപ്റ്റനോടുള്ള കടപ്പാട് മറക്കുകയും ചെയ്തില്ല. സെഞ്ച്വറി അടിച്ച നിമിഷം തന്നെ ഫ്ളയിങ് കിസ് നല്‍കിയാണ് ക്യാപ്റ്റനോടുള്ള ആദരം പ്രകടിപ്പിച്ചത്. തന്റെ ബാറ്റിങ് പോസിഷന്‍ ത്യജിച്ച് യുവതാരത്തിന് അവസരം നല്‍കിയ സൂര്യകുമാര്‍ യാദവിനോടുള്ള നന്ദി കൂടിയാണ് തിലക് വര്‍മയുടെ പ്രകടനത്തിലൂടെ പുറത്തുവന്നത്.

‘ഇത് ഞങ്ങളുടെ നായകന്‍ ‘സ്‌കൈ’യ്ക്ക് (സൂര്യകുമാര്‍ യാദവ്) വേണ്ടിയായിരുന്നു, കാരണം അദ്ദേഹം എനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കി. എനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണ്, എന്നാല്‍ ഇതിന് മുന്‍പുള്ള രണ്ട് മത്സരങ്ങളില്‍ ഞാന്‍ നാലാം നമ്പറിലാണ് കളിച്ചത്. കഴിഞ്ഞദിവസം രാത്രി ക്യാപ്റ്റന്‍ എന്റെ മുറിയില്‍ വന്ന് നിങ്ങള്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും എന്ന് പറഞ്ഞു, ഇത് ഒരു നല്ല അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. പോയി സ്വന്തം പ്രകടനം പുറത്തെടുക്കുക. നിങ്ങള്‍ എനിക്ക് ഒരു അവസരം തന്നു, ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല. ഗ്രൗണ്ടില്‍ എന്റെ പ്രകടനം കണ്ടോളൂ.’ – തിലക് വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

56 പന്തില്‍ 107 റണ്‍സെടുത്ത തിലക് വര്‍മയുടെ ഇന്നിംഗ്സില്‍ എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അര്‍ധസെഞ്ച്വറി നേടിയ മറ്റൊരു യുവതാരം അഭിഷേക് ശര്‍മ്മയ്ക്കൊപ്പം വര്‍മ്മ 107 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ‘ഞങ്ങള്‍ പരാജയപ്പെട്ടപ്പോഴും ടീം ഞങ്ങളെ പിന്തുണച്ചു. വിക്കറ്റ് നഷ്ടപ്പെട്ടാലും സ്വതന്ത്രമായി കളിക്കാനാണ് നിര്‍ദേശിച്ചത്. കൈവിരലിന് പരിക്കേറ്റതിനാല്‍ സിംബാബ്വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകള്‍ നഷ്ടമായി. രണ്ട് പരമ്പരകളും നല്ല അവസരങ്ങളും നഷ്ടമായതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ എനിക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു. കഠിനാധ്വാനം ചെയ്യുകയും ചെയ്തു. എന്റെ സമയം വരുമെന്നും ശരിയായ സമയം വരുമ്പോള്‍ ഞാന്‍ റണ്‍സ് നേടുമെന്നും എനിക്കറിയാമായിരുന്നു. ഞാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു, നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മത്സരത്തില്‍ സാധിച്ചില്ല. പക്ഷേ ക്യാപ്റ്റനും മാനേജ്മെന്റും ഒരുപാട് പിന്തുണച്ചു. ഇപ്പോള്‍ എനിക്ക് ലഭിച്ച നേട്ടങ്ങള്‍ അവരുടെ പൂര്‍ണ്ണ പിന്തുണയുടെ ഫലമായാണ്. ഒരു ഓഫ് സ്പിന്നറായ ഞാന്‍ ബൗളിങ്ങിലും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ഓള്‍റൗണ്ടറായി സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’- തിലക് വര്‍മ പറഞ്ഞു.

LATEST NEWS