കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

Nov 23, 2026

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടു. ഇതോടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസവും നീങ്ങി.

ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവ്വകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആറാഴ്ചക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാൻ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് ക്യാംപസിൽ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവിട്ടത്.

വിദ്യാർഥികൾക്കെതിരെയായിരുന്നു സർവകലാശാലയുടെ അന്വേഷണ സമിതി റിപ്പോർട്ട്. മാപ്പപേക്ഷ നൽകിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സർവകലാശാല അധികൃതർ. എന്നാൽ, മാപ്പുമില്ല, ഒരു കോപ്പുമില്ല”എന്ന ഉറച്ച നിലപാടുമായി എസ്എഫ്ഐയും വിദ്യാർഥികളും സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

നിലവിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ കോടതി, സർവ്വകലാശാലക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ വീണ്ടും അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി.. പുനരന്വേഷണം നടക്കുന്ന കാലയളവിൽ ആവശ്യമെങ്കിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്. സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി. മാപ്പപേക്ഷ നൽകിയാൽ മാത്രമെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാനാകൂ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻറെയും നിലപാട്.

സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനിടെ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർവ്വകലാശാല ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറെ പരിഗണനക്ക് വന്നത്.

LATEST NEWS