തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി എസ് യു ടി ആശുപത്രി സംഘടിപ്പിച്ച ‘ഗിഫ്റ്റ് ഓഫ് കേള്‍സ് – എ സിമ്പിള്‍ കട്ട്, എ പവര്‍ഫുള്‍ ട്രാസ്ഫോര്‍മേഷന്‍’ എന്ന കേശദാന പരിപാടി വിജയകരമായി നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ പരിപാടിയുടെ ഭാഗമായി നടത്തിയ ‘ഗിഫ്റ്റ് ഓഫ് കേള്‍സ്’ ജില്ലാ കളക്ടര്‍ ശ്രീമതി. അനു കുമാരി ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ എസ് യു ടി യുടെ ഈ സംരംഭത്തിന്റെ പ്രാധാന്യത്തെ പറ്റി ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ എടുത്തു പറയുകയുണ്ടായി.
ആശുപത്രി സിഇഒ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ടെലിവിഷന്‍ താരം അലീന പടിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.വി.രാജശേഖരന്‍ നായര്‍, ചീഫ് ലെയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, എച്ച്ആര്‍ മാനേജര്‍ ദേവി കൃഷ്ണ, വിവിധ വകുപ്പുകളുടെ മാനേജര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിരവധി പേരുടെ പങ്കാളിത്തത്തോടെ ഈ സംരംഭം മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു. ഏതാണ്ട് ഇരുന്നൂറോളം പേര്‍ കേശദാനത്തില്‍ പങ്കാളികളാവുകയും എസ് യു ടി യിലെ നാല് ഡോക്ടര്‍മാര്‍ കേശദാനം നടത്തി മാതൃകയാവുകയും ചെയ്തു.