ചിറയിൻകീഴ്: വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശാർക്കര നോബിൾ ഗ്രൂപ്പ് സ്കൂൾസിൽ അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (വ്യാഴം) മുതൽ മെയ് 25 വരെയാണ് ക്യാമ്പ് നടക്കുന്നത്.
അതി വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നീന്തൽ പരിശീലനം നടക്കുന്നത്. നീന്തൽ പരിശീലന ക്യാമ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫ് അലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ആർ.സരിത, പി.മണികണ്ഠൻ, മോനി ശാർക്കര, വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. 12 വയസ്സിന് താഴെയുള്ളതും 150 സെന്റീമീറ്ററിന് താഴെ ഉയരമുള്ള വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. ചിറയിൻകീഴും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ നീന്തൽ പരിശീലനത്തിനുള്ള സാഹചര്യം ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ അറിയിച്ചു.