ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ രണ്ട് ലഷ്കര്‍ ഭീകരെ സൈന്യം വധിച്ചു. ആക്രമണത്തിന്റെ സൂത്രധാരന്‍ ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി തുടങ്ങിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ചായണ് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്.. മൂന്ന് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിര്‍ ബസാറിനു സമീപം അഖ്റാനിലെ സിആര്‍പിഎഫ് ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരരായിരുന്നു ആക്രമണം നടത്തിയത്.
ആക്രമണത്തിന് ശേഷം ഭീകരര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സുരക്ഷാ സേന ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ മാസം ഛത്തീസ്ഗഡിലും ഐഇഡി സ്ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. സുക്മ ജില്ലയിലെ അലര്മെഡ്ഗു ക്യാംപില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ ആയിരുന്നു സംഭവം.



















