താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍

Feb 17, 2026

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാര്‍ക്കും യൂനുസ് നന്ദി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടി അധ്യക്ഷന്‍ ഷഫീഖൂര്‍ റഹ്മാനെയും നാഷനലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാമിനെയും താരീഖ് റഹ്മാന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചു.

297ല്‍ 209 സീറ്റുകളിലാണ് ബിഎന്‍പി ജയിച്ചത്. വിജയിച്ച ബിഎന്‍പി നേതാക്കളായ ഗോയേശ്വര്‍ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി, സചിങ് പ്രൂ,ദീപേന്‍ ദേവന്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. റോയിയും ചധരിയും ഹിന്ദുക്കള്‍. മറ്റുരണ്ടുപേരും ബുദ്ധമത വിശ്വാസികളാണ്. ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്.

cake tower new
LATEST NEWS