തിരുവനന്തപുരം: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് യുവാവ് വീണ്ടും മോഷണത്തിനിറങ്ങിയത്.
തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്. തിരികെ ജയിലിലേക്ക് പോകുന്നതിന് കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പിന്നീട് കോവളം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലയിൽ 21-ലധികം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹാർബർ റോഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി 40,000 രൂപയും 50,000 രൂപയുടെ മൊബൈൽ ഫോണും ഇയാൾ കവർന്നു. പിന്നീട് കോവളത്തുള്ള കോഴിക്കടയിൽ നിന്ന് 4,000 രൂപയും 8,000 രൂപ വിലയുള്ള മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷ്ടാവെന്ന് വ്യക്തമായത്. ജയിലിലെ സുഖസൗകര്യങ്ങൾ ആഗ്രഹിച്ച ദിലീപ് തിരികെ ജയിലിലേക്ക് പോകുന്നതിന് മോഷണം നടത്തുകയായിരുന്നു. ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരി കൂടിയാണ് ഇയാളെന്നാണ് വിവരം.



















