ബാക്കി വച്ചത് ഒരു രൂപ മാത്രം! പെട്ടിക്കടയിലെ മിഠായി മുതൽ സകലതും അടിച്ചു മാറ്റി കള്ളൻ

Apr 20, 2024

പത്തനംതിട്ട: നിർധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂർണമായി കവർന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതിൽ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം.

കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി​ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളൻ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാൻ ടിന്നിൽ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു. ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികൾ എടുത്ത ശേഷം ടിന്നുകൾ ഉപേക്ഷിച്ചാണ് കള്ളൻ പോയത്.

നട്ടെല്ലിനു തകരാർ ഉള്ളതിനാൽ മറ്റു ജോലികൾക്ക് പോകാൻ മല്ലികയ്ക്ക് സാധിക്കില്ല. നാല് വർഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

LATEST NEWS