വെടിക്കെട്ടിന് അനുമതിയില്ല, കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ല; പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്ന് കലക്ടര്‍-

Feb 12, 2024

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്നാണ് ഫയര്‍ഫോഴ്‌സിന്റേയും പൊലീസിന്റേയും വിശദീകരണം. വെടിക്കെട്ട് നടത്താനും അനുമതി ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ വെടിക്കെട്ടിനെതിരെ കേസെടുത്തിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് കരിമരുന്ന് ഇറക്കിയതെന്നും പൊലീസ് പറയുന്നു.

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിന് പുറമേ ചുറ്റുമുള്ള വീടുകളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണ് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പടക്കപ്പുരയ്ക്ക് സമീപമുള്ള 50 ഓളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

LATEST NEWS