മൃഗശാലയിലെ ഏറ്റവും പ്രായമുള്ള രാഹുൽ (23) എന്ന ബംഗാൾ കടുവ ചത്തു. മൃഗശാലയിൽ ജനിച്ച് വളർന്ന കടുവകളിൽ അവസാനത്തേതാണിത്. പ്രായാധിക്യം കാരണം അവശതയിൽ ആയതോടെ 18 മുതൽ സന്ദർശക കൂട്ടിൽ നിന്നുമാറ്റി പ്രത്യേക കൂട്ടിലാക്കിയിരുന്നു. 2003 മേയ് 11ന് ആണ് കരിഷ്മ, രാജ എന്നീ കടുവകളുടെ മകനായി രാഹുൽ ജനിച്ചത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വർഷമാണ്. മൃഗശാലകളിൽ 17–19 വയസ്സ് വരെ ജീവിക്കാറുണ്ട്. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. നഖങ്ങൾ വളർന്ന് വിരലിലേക്ക് കയറിയിരുന്നത് മൃഗശാല വെറ്റിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും മറ്റ് അവശതകൾ മാറിയില്ല.
രോഗം ബാധിക്കുന്നതിന് മുൻപ് ദിവസവും 7 കിലോ ബീഫ് കഴിച്ചിരുന്ന രാഹുലിന് പിന്നീട് സൂപ്പും പാലും ഒക്കെയാണ് നൽകിയിരുന്നത്. ഇന്നലെ രാവിലെ 7ന് ചത്തു. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പോസ്റ്റുമാർട്ടം ചെയ്ത് വൈകിട്ട് 3ന് സംസ്കരിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ.സൗമ്യ വിജയകുമാർ, ഡോ. ജി.എസ്.അജിത്കുമാർ, ഡോ. പി.ആർ.പ്രത്യുഷ്, വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ എന്നിവരാണ് പോസ്റ്റുമാർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. പ്രായാധിക്യം കാരണം കരളും ശ്വാസകോശങ്ങളും അപകടാവസ്ഥയിലായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മൃഗശാല ഡയറക്ടർ മഞ്ജുള ദേവി അന്തിമോപചാരം അർപ്പിച്ചു. മൃഗശാല സൂപ്രണ്ട് വി.എസ്.രാജേഷ്, ക്യൂറേറ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.