ലോസ് ആഞ്ജലീസ്: ലോകസിനിമ ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചർച്ചാവിഷയമാണ്. ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഓർമയില്ലാത്തവർ ഉണ്ടാവില്ല.
അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ റോസിനെ രക്ഷിച്ചത് ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയത്.