‘അതിരടി ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസമായിരുന്നു; ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല’

Apr 10, 2026

ആരോ​ഗ്യകാര്യങ്ങളിലും ഫിറ്റ്നസിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന നടൻമാരിലൊരാളാണ് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയ്ക്ക് വേണ്ടി ടൊവിനോ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ ഫിറ്റ്നസിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

വിശപ്പുണ്ടെങ്കിൽ മാത്രമേ താൻ ഭക്ഷണം കഴിക്കുകയുള്ളൂവെന്നും അല്ലെങ്കിൽ കഴിക്കാറില്ലെന്നും ടൊവിനോ പറഞ്ഞു. സുജിത് ഭക്തന്റെ ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. “ഞാൻ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു പരസ്യം കാണുമ്പോഴാണ്.

വർക്കൗട്ടും ഡയറ്റും നോക്കുന്ന ഒരാളുടെ വാർധക്യവും ഇതൊന്നും നോക്കാത്ത ഒരാളുടെ വാർധക്യവും ഞാനൊരു സ്പ്ലിറ്റ് സ്ക്രീനിൽ കാണുകയാണ്. ഈ വർക്കൗട്ട് ചെയ്യുന്നയാൾക്ക് 80-90 വയസിലും എഴുന്നേറ്റ് നടക്കാനും ഓടാനും ചാടാനുമൊക്കെ പറ്റുന്നുണ്ട്.

മറ്റേയാൾ രോ​ഗക്കിടക്കയിലാണ്. ഇതിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന പോലെയിരിക്കും. അതെന്നെ ഒരുപാട് ചിന്തിപ്പിച്ചു. അത് നമ്മൾ ചിന്തിക്കേണ്ടതല്ലേ. മുറിച്ചാൽ മുറി കൂടുന്ന പ്രായമുണ്ട്, അത് കഴിയും. അത് പോയിക്കഴിഞ്ഞാൽ പണ്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുന്ന ഒരു പരിക്ക് ചിലപ്പോൾ ജീവിതകാലം മുഴുവൻ നമുക്ക് നിൽക്കും.

അതിനെ നമുക്ക് വർക്കൗട്ടിലൂടെ ഭേദമാക്കാൻ കഴിയും. അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും നല്ലപോലെ ഭക്ഷണം കഴിച്ചിട്ടില്ലേ നമ്മൾ. കഴിച്ചിട്ടുണ്ടല്ലോ, ഇത്രയും കൊല്ലം കഴിച്ചില്ലേ. ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും മിതമായ അളവിൽ കഴിക്കുക. അമിതമായിട്ടുള്ള ഭക്ഷണം ഒഴിവാക്കുക. വിശക്കുമ്പോൾ കഴിക്കുക എന്നതാണല്ലോ.

നമ്മൾ വിശക്കുമ്പോൾ അല്ലല്ലോ ഭക്ഷണം കഴിക്കുന്നത്. രാവിലെ ഇത്ര മണിക്ക് കഴിക്കണം, ഉച്ചക്ക് ഇത്ര മണിക്ക് കഴിക്കണം, വൈകിട്ട് ഇത്ര മണിക്ക് കഴിക്കണം… പിന്നെ എന്തിനാണ് ഈ വിശപ്പ് എന്നുള്ള വികാരം. ഞാൻ വിശപ്പുള്ളപ്പോഴേ കഴിക്കൂ. വിശപ്പില്ലെങ്കിൽ കഴിക്കാതിരിക്കും.

ഭയങ്കരമായി നമുക്ക് ആക്ടിവിറ്റികൾ ഉള്ള ദിവസം വിശപ്പ് കൂടുതലായിരിക്കും. വെറുതേ ബെഡിൽ കിടക്കുന്ന ദിവസം എന്തിനാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്”. – ടൊവിനോ പറഞ്ഞു. പള്ളിച്ചട്ടമ്പിയിൽ ഡിജോയ്ക്ക് ഞാനൊരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു. ആൾക്കാരെയൊക്കെ എടുത്ത് എറിയാൻ പറ്റുന്ന ഒരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു.

നമ്മുടെ ഷോൾഡർ ഒക്കെ വിരിഞ്ഞ് ഇരുന്നാൽ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആളുകൾക്ക് അത് റിലേറ്റബിൾ അല്ലാതായി പോകും. അപ്പോൾ ഞാൻ ഷോൾഡർ വർക്കൗട്ടുകളൊക്കെ കുറച്ചു. ഇതിനകത്ത് ഡിജോ എന്നോട് പറഞ്ഞത്, കഴിക്ക് കഴിക്ക് കവിളൊക്കെ തുടുക്കട്ടെ എന്നാണ്. എനിക്കത് ഇഷ്ടമുള്ള കാര്യവുമാണ്.

ആരോ​ഗ്യമുള്ള ഒരു തടി വയ്ക്കൽ ആണ് ഡിജോ ഉദ്ദേശിച്ചത്. അപ്പോൾ ഞാൻ നല്ലതുപോലെ ഭക്ഷണവും കഴിച്ചു, നല്ലപോലെ വർക്കൗട്ടും ചെയ്തു. പിന്നെ വിശപ്പില്ലെങ്കിൽ ഞാൻ കഴിക്കാതിരിക്കും. 72 മണിക്കൂറൊക്കെ ഞാൻ ഉപവാസം ഇരുന്നിട്ടുണ്ട്. വെള്ളം മാത്രമേ കുടിക്കൂ. അതിരടിയുടെ ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസത്തിലായിരുന്നു.

ആ സമയത്ത് ഞാൻ മൂന്ന് ദിവസം ഷൂട്ടിന് പോയി. അതിൽ രണ്ട് ദിവസം വർക്കൗട്ടും ചെയ്തിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഭക്ഷണമുണ്ടെങ്കിൽ എന്തായിരിക്കും ഭക്ഷണം എന്നറിയാനുള്ള ഒരു കൊതി നമ്മളിൽ ഉണ്ടാകും. ആ ആർത്തി കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.

നടൻ രഘുവരൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിരടി ഷൂട്ടിന്റെ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എനിക്കൊരു ക്ഷീണമോ ഒന്നും തോന്നിയില്ല. അതിലൊരു ദിവസം ഫൈറ്റും ആയിരുന്നു.

ആ സമയത്ത് ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല സത്യം പറഞ്ഞാൽ. അതിനുള്ള റിസർവ് ചിലപ്പോൾ നമ്മുടെ ശരീരത്ത് ഉണ്ടായിരിക്കാം. ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്ന കൊണ്ടാണ് നമുക്ക് കഴിക്കാൻ തോന്നുന്നത്. ഇന്ന് ഭക്ഷണമില്ല എന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ വിശപ്പ് ഇല്ല”. – ടൊവിനോ പറഞ്ഞു.

cake tower new
LATEST NEWS