ഡല്‍ഹി: കൊല്ലം,എറണാകുളം, കൊല്ലംപുനലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതുസംബന്ധിച്ച് തീരുമാനമായതായും 2026 മാര്‍ച്ച് 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ റൂട്ടുകളില്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായ ഇടപെടല്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.



















