പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലൻ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്.

വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവർ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്പ് ഭാരവാഹികൾ ഇരുവരെയും അറിയിക്കുകയായിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അനുമതി നൽകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകൾ മാറ്റി.

















