സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീനാഥിന് പുതുജീവിതം

Aug 13, 2025

കൊച്ചി: ആലുവ സ്വദേശിയായ ശ്രീനാഥിന് ഇത് രണ്ടാം ജന്മമാണ്. ലിവർ സിറോസിസും വൃക്ക രോ​ഗവും മൂലം ഒരേ സമയം കരളും വൃക്കയും തകരാറിലായ ശ്രീനാഥിന് പുതിയ ജീവിതം സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോ​ദരിയുടെ ഭർത്താവും ചേർന്നാണ്. സഹോദരി ശ്രീദേവിയുടെ വൃക്കയും സഹോദരിയുടെ ഭര്‍ത്താവ് വിപിന്‍റെ കരളുമാണ് ശ്രീനാഥിന് നല്‍കിയിരിക്കുന്നത്.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ഇരട്ട അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്. അതീവ ​സങ്കീർണമായ ശസ്ത്രക്രിയ ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് സീനിയർ കൺസൾട്ടൻ്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടൻ്റ് ആയ ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു.

ആലുവയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരു വന്നിരുന്നു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് മുറിവാവുകയും അത് ഉണങ്ങാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. അതിനിടെ കടുത്ത പനിയും ഉണ്ടായി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യാവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. ശരീരം വളരെയധികം ക്ഷീണിക്കുകയും സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തു. പിന്നീടാണ് വിദഗ്ധ ചികിത്സ തേടിയത്.

പരിശോധനയിൽ ക്രയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ശ്രീനാഥിന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിഞ്ഞിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കുക എന്നതായിരുന്നു ഒരു മാര്‍ഗം.

ആശാവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി തൻ്റെ വൃക്കകളിൽ ഒന്ന് സഹോദരന് നൽകാന്‍ സന്നദ്ധത അറിയിച്ചു. കൂടാതെ ശ്രീദേവിയുടെ ഭർത്താവായ വിപിൻ തന്റെ കരൾ പകുത്ത് നല്‍കാമെന്നും സമ്മതിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്ക്കേണ്ടി വന്നു.

ഏറെ സങ്കീർണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടർ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവൻ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങൾക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസത്തെ വിശ്രമത്തിന് ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭർത്താവ് വിപിനും പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LATEST NEWS
സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

ആറ്റിങ്ങൽ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി...