ആർസിസിയിലെ ചികിത്സയ്ക്കിടെ ഒൻപത് വയസുകാരിക്ക് എച്ച്ഐവി ബാധ; നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണം

Mar 14, 2025

കൊച്ചി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ചികിത്സയ്ക്കിടെ കാൻസർ രോ​ഗിയായ ഒൻപതു വയസുള്ള കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോ​ഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു.

രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018 ൽ മരിച്ച ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛനാണ് നഷ്ടപരിഹാരം തേടി മുതിർന്ന അഭിഭാഷകൻ‌ ജോർജ് പൂന്തോട്ടം വഴി ഹർജി നൽകിയത്. ചികിത്സയുടെ ഭാ​ഗമായി നൽകിയ രക്തത്തിൽ നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്.

ആർസിസിയിൽ രക്തപരിശോധനയ്ക്കായി ഉപയോ​ഗിക്കുന്ന സംവിധാനം എന്താണെന്നും വിശദാംശം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സിച്ചത്. തുടർന്ന് ആർസിസിയിലേക്ക് മാറ്റി. ചികിത്സയുടെ ഭാ​ഗമായി 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തം നൽകിയ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

LATEST NEWS