തൃശൂരിൽ പൊലീസ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തൃശൂര്‍ ആളൂര്‍ സ്വദേശിയായ ജുവിന് രാജു (16) ആണ് വിടപറഞ്ഞത്. ഈ മാസം 15-നായിരുന്നു ആളൂര്‍ കദളിച്ചിറയില്‍ വെച്ച് ജുവിനും ബന്ധുവും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് വാഹനം ഇടിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത്.
വേർപാടിന്റെ കഠിനമായ വേദനയിലും ജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതൃകാപരമായ തീരുമാനമാണ് ബന്ധുക്കള്‍ കൈക്കൊണ്ടത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവ ദാനം ചെയ്യാനാണ് കുടുംബം അനുമതി നല്‍കിയത്. ജുവിൻ നൽകുന്ന അവയവങ്ങൾ ഇനി അഞ്ച് പേരുടെ ജീവിതത്തിലേക്കാണ് വെളിച്ചമേകാൻ പോകുന്നത്.
കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 22കാരനാണ് ജുവിന്റെ ഹൃദയം നൽകുക. കരള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും, ഒരു വൃക്ക ലിസി ആശുപത്രിയിലെ രോഗിക്കും കൈമാറും. രണ്ടാമത്തെ വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നൽകുന്നത്. കാഴ്ചയുടെ പുതിയ ലോകം സമ്മാനിക്കാനായി കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റും. മരണത്തിലും മറ്റുള്ളവരിലൂടെ ജീവിക്കാനൊരുങ്ങുന്ന ജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ നാട് ഒന്നടങ്കം ആദരമർപ്പിക്കുകയാണ്.



















