ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തൊഴിലാളികള്‍

Jul 31, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.

യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്. ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഒരുങ്ങിത്തുടങ്ങിയിരുന്നു.

മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. എറണാകുളം ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തു നിന്നുള്ള ലൈസൻസ്‌ നേടിയ 150 ബോട്ടുകളുമടക്കം 750 ബോട്ടുകളാണ്‌ മുനമ്പം, വൈപ്പിൻ കാളമുക്ക്‌, തോപ്പുപടി എന്നീ ഹാർബറുകളിൽനിന്ന്‌ കടലിൽ പോകാൻ തയ്യാറെടുക്കുന്നത്‌.

LATEST NEWS