ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 ഡോളര്‍ എന്ന തുക നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സായുധ സേനയ്ക്ക് നല്‍കിയ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് തുക അനുവദിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ലക്ഷത്തിലേറെ സൈനികര്‍ക്ക് ആണ് ഗുണം ലഭിക്കുക. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് സൈനികര്‍ക്ക് ബോണസ് ആയി നല്‍കുന്നത്. ഇത്തരം തീരുവകളിലൂടെ ലഭിച്ച ലാഭ വിഹിതത്തിന് സൈനികരേക്കാള്‍ മറ്റാരും അര്‍ഹരല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.
വിവിധ ശമ്പള ഗ്രേഡുകള്‍ അനുസരിച്ചാണ് ബോണസ് അനുവദിക്കുക. 2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭവിഹിതം ലഭിക്കുക. വിലക്കയറ്റം, ഉയര്‍ന്ന ചെലവ് എന്നിവ മൂലം അമേരിക്കക്കാര്‍ വലയുന്ന സമയത്താണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയ താരിഫ് നയങ്ങള്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളുടെ ഫലമായി രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമണ്. തൊഴിമേഖലയും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.



















