തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഏറ്റെടുത്തു. പുലര്‍ച്ച പന്ത്രണ്ട് മണിക്കായിരുന്നു സംസ്ഥാനത്തെ ആദ്യ വിമാനത്താവളം അദാനിക്ക് കൈമാറിയത്. വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ്പ് മാറ്റിയില്ല.
രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം വികസനമെന്ന് വലിയ സ്വപ്നവുമായാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. ഏറ്റെടുക്കലിന്‍റെ ഭാഗമായി വിമാനത്താവളം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. 12 മണിക്ക് രാജ്യാന്തര ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് ഡയറക്ടറില്‍ സി വി രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവു ചുമതലയേറ്റെടുത്തു. രേഖകളുടെ കൈമാറ്റം മാത്രമായിരുന്നു മുഖ്യ ചടങ്ങ് . തുടർന്ന് രാജ്യാന്തര ടെ൪മിനലിലെ വേദിയിൽ കലാപരിപാടികളും അരങ്ങേറി.
രാവിലെ മുതല്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം അദാനി ഗ്രൂപ്പിനായി . ഏറ്റെടുക്കലിന് മുന്‍പായി ഇന്നലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദാനി ഗ്രൂപ്പ് പ്രത്യേക പൂജ നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. അന്‍പതു വര്‍ഷത്തേക്ക് അദാനി എറ്റെടുത്തെങ്കിലും കസ്റ്റംസും, എയര്‍ട്രാഫിക്കും, സുരക്ഷയും കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തായായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.