തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു.
ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.
ആദ്യം പഴയ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്, തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവ സന്ദര്‍ശിച്ചു. രോഗികളുടേയും ജീവനക്കാരുടേയും സൗകര്യങ്ങളും അസൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കി. പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി പലരും പറഞ്ഞു. കോവിഡ് കുറഞ്ഞ് വരുന്നതിനാല്‍ അത്യാഹിത വിഭാഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.