അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിൽ ആണ് മന്ത്രിയുടെ പ്രഖ്യാപനം. റോഡ് വികസനം, ഹൈസ്പീഡ്, ലൈറ്റ് റെയിൽ സംവിധാനങ്ങൾ, പൊതു ഗതാഗത സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ആകും പദ്ധതികൾ നടപ്പിലാക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫെഡറൽ ഹൈവേകളുടെ കാര്യക്ഷമത 73% വർധിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. 120 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഫെഡറൽ ഹൈവേ നിർമ്മിക്കാനുള്ള പഠനവും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
12 പാതകളുള്ള ഈ ഹൈവേയിലൂടെ പ്രതിദിനം 3.6 ലക്ഷം യാത്രകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന് പുറമെ മറ്റു പ്രധാന പാതകളും വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയതും മന്ത്രി വ്യക്തമാക്കി.
എത്തിഹാദ് റോഡിന്റെ രണ്ടുഭാഗത്തും മൂന്നു വീതം പുതിയ പാതകൾ നിർമ്മിക്കും. ആകെ 12 പാതയാക്കി മാറ്റുന്നതോടെ ഗതാഗത ശേഷി 60% വർധിപ്പിക്കാൻ കഴിയും.
എമിറേറ്റ്സ് റോഡ് 10 പാതകളാക്കി വികസിപ്പിക്കുകയും ഗതാഗത ശേഷി 65% വർധിക്കുകയും യാത്രാസമയം 45% കുറയുകയും ചെയ്യും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്:10 പാതകളാക്കി വികസിപ്പിച്ച് ശേഷി 45% വർധിപ്പിക്കും. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. യു എ ഇയിൽ വാഹനങ്ങളുടെ എണ്ണം വർഷം തോറും 8% വീതം വർധിക്കുകയാണ്. ഇത് ലോക ശരാശരിയുടെ നാലിരട്ടിയാണ്. സ്വകാര്യ വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗം, ജനസംഖ്യാ വർധനവ് തുടങ്ങിയവയാണ് ഗതാഗത കുരുക്കുകൾക്ക് പ്രധാന കാരണങ്ങൾ.
മന്ത്രാലയം പ്രാദേശിക അധികാരികളുമായി ചേർന്ന് പുതിയ ഗതാഗത നയങ്ങൾ രൂപപ്പെടുത്തുകയും, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും, സ്മാർട്ട് മൊബിലിറ്റി പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് അൽ മസ്രൂയി പറഞ്ഞു.
![]()
![]()

















