ദുബൈ:യുഎഇയില്‍ അടുത്ത ആഴ്ച മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകുമെന്നും എന്‍സിഎം അറിയിക്കുന്നു.
തിങ്കഴാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിരവധി താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിത മേഖലയില്‍ ബോട്ടുകള്‍, കയാക്കുകള്‍, ജെറ്റ് സ്‌കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്.
ദുരിതബാധിതരുടെ എണ്ണം വിലയിരുത്താന്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മഴക്കെടുതിയില്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.